ഓപ്പറേഷൻ തൂഫാൻ
ലഹരിമുക്ത കേരളത്തിനായി ‘ഓപ്പറേഷൻ തൂഫാൻ 2.0’; ചക്കിട്ടപാറയിൽ ഫ്ലാഗ് ഹോസ്റ്റിംഗ്
ചക്കിട്ടപാറ: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’-ന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ഫ്ലാഗ് ഹോസ്റ്റിംഗ് നടത്തി. “ലഹരി മുക്ത കേരളത്തിനായി മുന്നോട്ട് – യുവതയുടെ കരുത്തോടെ, സമൂഹത്തിന്റെ പിന്തുണയോടെ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി തോമസ് ഫ്ലാഗ് ഹോസ്റ്റിംഗ് നിർവഹിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പോലീസ്–എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനൊപ്പം യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിനും സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമാണ് ഓപ്പറേഷൻ തൂഫാൻ 2.0 ലക്ഷ്യമിടുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനവും ജനപങ്കാളിത്തവും ഉറപ്പാക്കുമെന്ന് പരിപാടിയിൽ അറിയിച്ചു.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പരിധിയിൽ ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കും.